പച്ചത്തെറി പരസ്യമായി പറയുന്നത് ഒരഭിമാനവും താൻപോരിമയുടെ അടയാളവുമായി കാണുന്നതാണ് ഇപ്പോഴത്തെ യുവതലമുറയുടെ ട്രെൻഡ്. നമ്മുടെ നാട്ടിടവഴികളിൽ രഹസ്യമായി പലരും പറയാറുണ്ടായിരുന്ന പുരുഷകേന്ദ്രീകൃതമായ അസഭ്യമാണ് ചാനൽകാമറകൾക്കു മുമ്പിൽ നിന്ന് അശ്ലീലമായ ആംഗ്യങ്ങൾ കാട്ടി യുവതികൾ വിളിച്ചുകൂവിയത്. ഞങ്ങൾക്കെന്താ, തെറി പറഞ്ഞു കൂടേ ? തെറിവിളിക്കൽ പുഷന്മാരുടെ കുത്തകയാണോ ?” എന്നാണ് ഇവരുടെ ചോദ്യം. തെറിയുടെ നവകേരളം പുലരട്ടെ !

നഗരത്തിലെ ഒരു പഞ്ചനക്ഷത്ര സിനിമാശാലയിൽ എരിവും പുളിയുമുള്ള ഒരു സിനിമയുടെ ആദ്യപ്രദർശനം നടക്കുന്നു. കാണികളിലേറെയും പതിനെട്ടു മുതൽ ഇരുപത്തഞ്ചുവരെ പ്രായമുള്ള യുവതീയുവാക്കളായിരുന്നു. പ്രധാന ചാനലുകാരിൽ പലതും കാണികളുടെ പ്രതികരണമറിയാൻ അവിടെ ചെന്നിട്ടുണ്ട്. ഏറെ പ്രതീക്ഷകളോടെ എത്തിയ കാണികളിൽ ചിലർ സിനിമ തീരുംമുമ്പേ പുറത്തിറങ്ങി.
അതിലൊരു പെൺകുട്ടി കൈകൾ ആകാശത്തേക്ക് വീശി, വിരലുകൾ കൊണ്ട് പ്രത്യേക രീതിയിൽ ആഗ്യംകാട്ടി ചാനൽകാമറകളുടെ മുമ്പിലേക്ക് വന്നുനിന്ന് ഉറക്കെപ്പറഞ്ഞു: “ഈ സിനിമ ഊ… പ്പോയി! ഊ… പ്പോയി!” തിയേറ്ററിൻ്റെ പുത്തേയ്ക്കു വരികയായിരുന്ന മറ്റ് യുവതീയുവാക്കളും ആർത്തുവിളിച്ചു: “ഊ….പ്പോയി!”
നമ്മുടെ നാട്ടിടവഴികളിൽ രഹസ്യമായി പലരും പറയാറുണ്ടായിരുന്ന പുരുഷകേന്ദ്രീകൃതമായ അസഭ്യമാണ് ചാനൽകാമറകൾക്കു മുമ്പിൽ നിന്ന് അശ്ലീലമായ ആഗ്യങ്ങൾ കാട്ടി ഈ പെൺകുട്ടികൾ വിളിച്ചുകൂവിയത്.
ഇതിൽ തെല്ലും അത്ഭുതമില്ല. ഇതാണ് ഇപ്പോഴത്തെ യുവത്വത്തിൻ്റെ ട്രെൻ്റ്. പച്ചത്തെറി പരസ്യമായി പറയുന്നത് ഒരഭിമാനവും താൻപോരിമയുടെ അടയാളവുമായി പലരും കാണുന്നു.
“ഞങ്ങൾക്കെന്താ, തെറി പറഞ്ഞു കൂടേ? തെറിവിളിക്കൽ പുഷന്മാരുടെ കുത്തകയാണോ?” – എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പക്ഷെ, മലയാളത്തിലെ തെറികളിൽ മിക്കവയും സ്ത്രീകളെ അപമാനിക്കുന്നവയാണെന്ന് ഈ മഹതികൾ അറിയുന്നില്ല.
പല അസഭ്യങ്ങളുടെയും അർത്ഥം അവർ മനസിലാക്കുന്നില്ല. അതുകൊണ്ടാണ് ഒരു മഹാകാര്യമെന്ന മട്ടിൽ പൊതുവേദികളിൽപ്പോലും ഇവർ തങ്ങളെക്കുറിച്ചു തന്നെ ഉഗ്രമായ പച്ചത്തെറികൾ വിളമ്പുന്നത്.
തെറിയുടെ തത്വം, മഹത്വം
അതെ! ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ വലിയൊരു മാറ്റം സംഭവിക്കുകയാണ്. സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അസഭ്യങ്ങളുടെയും അജ്ഞതയുടെയും അന്ധകാരത്തിൻ്റെയും പൂക്കാലമമാണ്.
നാടോടുമ്പോൾ നടുവേയോടുന്ന പുരോഗമനവാദികൾക്ക് ഈ അവസ്ഥയിൽ തെറിയെ എങ്ങനെ തള്ളിപ്പറയാൻ സാധിക്കും? കിടിലൻ തെറിപറയുമ്പോഴും എഴുതുമ്പോഴും കിട്ടുന്ന ഒരു റിലീഫും ആത്മവിശ്വാസവും മറ്റൊന്നിനും കിട്ടില്ലെന്ന് കഴിഞ്ഞദിവസം പറഞ്ഞത് ഒരു കുപ്രസിദ്ധനായ സാഹിത്യകാരനാണ്.
ഒരു സാഹിത്യവേദിയിലാണ് ഇദ്ദേഹം തൻ്റെ കുലധർമം വ്യക്തമാക്കിയത്. ഈ മനുഷ്യൻ്റെ ആരോഗ്യത്തിൻ്റെ രഹസ്യംതന്നെ തെറിപറയാനുള്ള കഴിവാണത്രെ.
‘ഊ…., ഊ…, പ….’ എന്നൊക്കെ ആരംഭിക്കുന്ന പച്ചത്തെറികൾ തന്റെ വാദങ്ങങ്ങൾക്ക് ഉദാഹരണമായി അദ്ദേഹം ഉച്ചരിച്ചപ്പോൾ സദസിലെ സാഹിത്യപ്രേമികളായ ചില യുവതീയുവാക്കൾ പരസ്പരം തെറിവിളിച്ചും കരഘോഷം മുഴക്കിയുമാണ് ആ പ്രഭാഷണത്തെ ഉൾക്കൊണ്ടത്.
തെറിയുടെ സർഗാത്മകത
ഇങ്ങനെയൊക്കെയാണെങ്കിലും തെറി എന്ന സംഗതി മോശമാണെന്നല്ല പറഞ്ഞുവരുന്നത്. തെറി പലപ്പോഴും ഇക്കാലത്ത് ആവശ്യമാണ്, ആയുധവുമാണ്. സിനിമയുടെ കാര്യംതന്നെ നോക്കുക – ‘ചുരുളി’ എന്ന സിനിമയിൽ പച്ചത്തെറിയുടെ പൊടിപൂരമാണല്ലോ.
പക്ഷെ, അതിൽ കുഴപ്പമില്ല. ഈ സിനിമയിൽ കഥയും കഥാപാത്രങ്ങളും തെറിയിൽ കളിച്ചുനിൽക്കുകയാണ്. തിരുവിതാംകൂറിലേയും മലബാറിലെ കിഴക്കൻ മലമേഖലകളിലെയും സാധാരണക്കക്കാരുടെ ജീവിതം ഇങ്ങനെയാണുതാനും. ഇത്തരം തെറികളിലുടെയാണ് അവരിൽപ്പലരും ജീവിതസംഘർഷങ്ങളെ തരണംചെയ്യുന്നത്.
സിനിമയിൽ മാത്രമല്ല, സാഹിത്യത്തിലും കലയിലും പണ്ടും തെറി ഉണ്ടായിരുന്നു. ബഷീറും തകഴിയും കാക്കനാടനും എൻ.എൻ. പിള്ളയുമൊക്കെ നല്ല ഒന്നാം തരം തെറി എഴുതിയവരാണ്. പക്ഷെ, അവരുടെ തെറികൾ കൃതികളിൽ മുഴച്ചുനിന്നിരുന്നില്ലെന്നതാണ് സത്യം. ആ തെറികൾ കഥാസന്ദർഭങ്ങളുമായി ഇഴുകിച്ചേർന്ന് നിലകൊള്ളുന്നു.
ഒരു തെറി എത്രമാത്രം ഭംഗിയായി പറയാമെന്നതിന് ഉദാഹരണമാണ് വി.കെ.എൻ കഥകൾ. പക്ഷെ, അതുപോലെയൊക്കെ എഴുതണമെങ്കിൽ പ്രതിഭ വേണം. ആഴത്തിലുള്ള വായന വേണം. ജീവിതദർശനം വേണം. അവയൊന്നും തൊട്ടുതീണ്ടാത്തവരാണ് ഇപ്പോൾ സ്‌റ്റേജിലും കടലാസിലും പച്ചത്തെറിയുമായി എഴുന്നെള്ളുന്നത്.
തെറിയുടെ ചാതുർവർണ്യം
പണ്ടൊരു നമ്പൂതിരി തൻ്റെ കാര്യസ്ഥനെ ‘ശപ്പൻ!’ എന്ന് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരു കഥയുണ്ട്. ‘ശുംഭൻ’, ‘ശപ്പൻ’, ‘ഏഭ്യൻ’ എന്നൊക്കെയായിരുന്നല്ലോ മുൻകാല സവർണ ജന്മി-മേലാളന്മാരുടെ ഏറ്റവും ഗ്രേഡു കൂടിയ അസഭ്യവാക്കുകൾ.
സംസ്കൃതനാടകങ്ങളിലും മറ്റും ‘കാ പുരുഷൻ’, ‘കശ്മലൻ’, ‘നീചൻ’ എന്നൊക്കെപ്പറയുന്നതും ഒരുതരം തെറിപ്രയോഗങ്ങളായിരുന്നു. നനഞ്ഞ പടക്കം പൊട്ടിയതു പോലുള്ള ഈ വാക്കുകൾ ഇക്കാലത്ത് കേട്ടാൽ നമ്മൾ പൊട്ടിച്ചിരിക്കും.
എന്നാൽ ജനാധിപത്യ- പുരോഗമന ഭരണം വന്നപ്പോൾ ചില്ലറ മാറ്റങ്ങൾ സംഭവിച്ചു. പഴയ സവർണപ്രമാണിമാർ അരങ്ങൊഴിയുകയും ഇടത്തട്ടുകാർ മധ്യവർഗ്ഗമായും നവജന്മിമാരായും മാറുകയും ചെയ്തു. ഇതോടെയാണ് നാടൻ തെറികളും പ്രയോഗങ്ങളും നാട്ടിലെങ്ങും പാട്ടായത്.
ഇതോടെ തെറിയുടെ ഡെമോക്രസി നിലവിൽ വന്നെന്ന് പറയാം. നമ്പൂരിയും ക്ഷത്രിയനും മറ്റും പറഞ്ഞു തേഞ്ഞുപോയ ‘അഭിജാതമായ’ കോപവാക്കുകൾക്ക് പകരം കിടിലോൽക്കിടിലങ്ങളായ തെറികൾ നാടുവാണുതുടങ്ങി. അതാണ് ഇപ്പോൾ ‘ചുരുളി’ പോലുള്ള സിനിമകളിലും നമ്മുടെ സാഹിത്യത്തിലും ദൃശ്യമാധ്യമങ്ങളിലുമൊക്കെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
മധ്യതിരൂവിതാംകൂറിലെ ഒരു മുൻ എംഎൽഎ ഇപ്പോൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നത്. തെറിപ്രയോഗം ഒന്നുകൊണ്ടുമാത്രമാണ്. അദ്ദേഹത്തിൻ്റെ അസഭ്യവർഷം ആണത്തത്തിന്റെ അടയാളമായി ഇന്ന് യുവതലമുറപോലും കരുതുന്നു.
ബ്രാഹ്മണർ അടക്കമുള്ള മുൻകാല സവർണ്ണ ജന്മിമാർ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് മെല്ലെ നിഷ്ക്രമിച്ചു കഴിഞ്ഞെന്നതും നവജന്മിത്വം പഴയതിലും പുഷ്കലമായെന്നതും പുതിയ തെറിപ്രയോഗങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വലിയ പരസ്യങ്ങൾ പോലും ഇപ്പോൾ തരംതാണ ദ്വയാർത്ഥ പ്രയോഗങ്ങളാൽ സമ്പന്നമാണ്. ഈ പരസ്യങ്ങളിൽ അഭിനയിക്കുന്ന നവമുതലാളിമാർ ഇത്തരം പ്രയോഗങ്ങൾ നടത്തിയാണ് തങ്ങളുടെ റേറ്റിംഗ് വർദ്ധിപ്പിക്കുന്നതും.
ധൈര്യമായി പറയുവിൻ !
ഒരു സർഗാത്മകവും ഫാസിസ്റ്റ് വിരുദ്ധ പുരോഗമന പ്രക്രിയയുമാണ് തെറിപറച്ചിലും എഴുത്തും പ്രസംഗവുമൊക്കെയെന്ന് അറിയാത്തവർ ഇപ്പോൾത്തന്നെ അവഗണനയുടെ പരകോടിയിലേക്ക് തളളപ്പെട്ടുകഴിഞ്ഞു. ഇനിയെങ്കിലും ധൈര്യമായി തെറി പറയുകയും എഴുതുകയും ചെയ്യുകയാണ് അവരുടെ മുമ്പിലുള്ള മോചനമാർഗം.
ദീപങ്ങളെയല്ല, അവയുടെ നിഴലിനെയാണ് പ്രകീർത്തിക്കണ്ടത്. ദീപങ്ങൾ ഊതിക്കെടുത്തിയിട്ടാണ് പ്രാർത്ഥിക്കേണ്ടത്. അതിനാൽ, പ്രിയപ്പെട്ടവരേ, നിങ്ങൾ ധൈര്യമായി തെറിപറയുവിൻ! എഴുതുവിൻ! പ്രസംഗിപ്പിൻ ! പുതിയ കേരളം അങ്ങനെ ഉദിച്ചുയരട്ടെ! നവയുഗ ദിനകരനുണരട്ടെ! നാട്ടിൽ ഭേരി മുഴങ്ങട്ടെ ! ജയ് ഹിന്ദ് ! നോ, മാതരം !
-കെ. ആർ. പ്രമോദ്

