ടെൻഡർ നിയമം ഭേദഗതി ചെയ്യാൻ കുവൈത്ത് മന്ത്രിസഭാ തീരുമാനം: നടപടികൾ ലളിതമാക്കും

കുവൈത്ത്: പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി 2016-ലെ 49-ാം നമ്പർ ടെൻഡർ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ഓർഡിനൻസിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ പ്രധാന തീരുമാനമെടുത്തത്.
പൊതു ടെൻഡർ നടപടികളിൽ വേഗത, കാര്യക്ഷമത, സുതാര്യത, നീതി എന്നിവ ഉറപ്പാക്കാനും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് കൂടുതൽ വഴക്കം നൽകാനും ലക്ഷ്യമിട്ടാണ് പുതിയ നിയമ നിർമ്മാണം നടപ്പിലാക്കുന്നത്. പുതിയ ഭേദഗതി പ്രകാരം കരാർ നടപടികളിൽ ലോക്കൽ ഏജന്റുമാരെയും കമ്മീഷൻ ഏജന്റുമാരെയും പങ്കാളികളാക്കുന്നത് വിലക്കിയിട്ടുണ്ട്.
കൂടാതെ, സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിന്റെ പരിധിയിൽ വരുന്ന കരാറുകളുടെ കുറഞ്ഞ സാമ്പത്തിക പരിധി ഒരു ദശലക്ഷം ദിനാറായി ഉയർത്തുകയും, ഒരു ദശലക്ഷം ദിനാറിന് താഴെയുള്ള ടെൻഡറുകളുടെ മേൽനോട്ടം അതത് മന്ത്രാലയങ്ങൾക്ക് കൈമാറുകയും ചെയ്തു.
പെട്രോളിയം മേഖലയിലെ വാങ്ങൽ നടപടിക്രമങ്ങളുടെ പരിധി 20 ദശലക്ഷം ദിനാറായി ഉയർത്തിയിട്ടുണ്ട്.
പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കരാറുകാർ തങ്ങളുടെ ആവശ്യത്തിന്റെ കുറഞ്ഞത് 30 ശതമാനമെങ്കിലും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഡയറക്ടറിയിൽ ഉള്ളവ ഉപയോഗിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് നൽകിയിരുന്ന മുൻഗണനാ ആനുകൂല്യം 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനും തീരുമാനമായി. പുതിയ നിയമ ഭേദഗതി രാജ്യത്തെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

