കാലവർഷം ദുർബലമാണെങ്കിലും ജാഗ്രത വേണം; സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത


സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. നിലവിൽ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കാലവർഷം ദുർബലമായ സ്ഥിതിയിലാണ് തുടരുന്നത്.
കാലവർഷം ദുർബലമാണെങ്കിലും കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിനിടയിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) സെപ്റ്റംബർ 1- ന് രാത്രി 8.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും, ഇതുമൂലം കടലാക്രമണത്തിന് ഇടയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read:പാർട്ടി പ്രവർത്തനങ്ങളിൽ ഇനി പൂർണ്ണ ശ്രദ്ധ; കെപിസിസി ആസ്ഥാനത്ത് സജീവമാകാൻ സണ്ണി ജോസഫ്
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കേണ്ടതാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
The post കാലവർഷം ദുർബലമാണെങ്കിലും ജാഗ്രത വേണം; സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത appeared first on Express Kerala.

