കൊണ്ടോട്ടി ഫ്ലൈഓവർ നിർമാണത്തിന് വഴിതുറന്ന് ആദ്യനടപടി; അന്വേഷണ പ്രവൃത്തികൾക്ക് 21.80 ലക്ഷം രൂപയുടെ ഭരണാനുമതി | Kondotty Flyover


റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരിക്കുന്ന കൊണ്ടോട്ടി ഫ്ലൈഓവർ പദ്ധതിയുടെ പ്രാഥമിക അന്വേഷണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു (Kondotty Flyover). ദേശീയപാത 966-ൽ കൊണ്ടോട്ടി 17-ൽ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവും സ്ഥലപരവുമായ പരിശോധനകൾ നടത്തുന്നതിനാണ് 21.80 ലക്ഷം രൂപ അനുവദിച്ചത്. എംഎൽഎ ടി.പി. അഷ്റഫലി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി നടത്തിയ അവലോകന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ പ്രവൃത്തികൾക്കുള്ള ഭരണാനുമതി അനുവദിച്ചത്. പദ്ധതിയുടെ സാധ്യതകളും സാങ്കേതിക വശങ്ങളും ഉൾപ്പെടെ വിലയിരുത്തുന്നതിനുള്ള സമഗ്ര അന്വേഷണ റിപ്പോർട്ടാണ് ഇതിലൂടെ തയ്യാറാക്കുക.
അന്വേഷണ പ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ ഈ ആഴ്ച തന്നെ ദേശീയപാത വിഭാഗം ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയായതിന് പിന്നാലെ എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സംഘം നിർദിഷ്ട ഫ്ലൈഓവർ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തും.
സ്ഥലപരിശോധനയും സാങ്കേതിക അന്വേഷണവും പൂർത്തിയാക്കി തയ്യാറാക്കുന്ന റിപ്പോർട്ട് അനുകൂലമായാൽ ഫ്ലൈഓവർ നിർമാണത്തിന്റെ പ്രാരംഭ നടപടികളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രായോഗികത, നിർമാണ സാധ്യത, ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ വിലയിരുത്തും.
2026-27 സംസ്ഥാന ബജറ്റിൽ കൊണ്ടോട്ടി ഫ്ലൈഓവർ നിർമാണത്തിനായി ആദ്യഘട്ടമായി അഞ്ച് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ അന്വേഷണ നടപടികൾക്ക് ഭരണാനുമതി ലഭിക്കുന്നത്.
കൊണ്ടോട്ടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള പ്രധാന പദ്ധതികളിലൊന്നായാണ് ഫ്ലൈഓവർ പദ്ധതി പരിഗണിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും കൊണ്ടോട്ടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
Summary: Administrative sanction of ₹21.80 lakh has been granted for investigation and technical studies related to the proposed flyover at Kondotty 17 on NH 966. Tender procedures are expected to begin this week, followed by a site inspection by highway officials and technical experts. The project had earlier received an initial allocation of ₹5 crore in the 2026-27 state budget.

