September 10, 2026

‘ഓപ്പറേഷൻ തൂഫാൻ’ വലിയ സാമൂഹിക മാറ്റമുണ്ടാക്കി; രണ്ടാം ഘട്ടം 28ന്, 10,885 പേർ അറസ്റ്റിൽ: രമേശ് ചെന്നിത്തല | Ramesh Chennithala Operation Thoofan

‘ഓപ്പറേഷൻ തൂഫാൻ’ വലിയ സാമൂഹിക മാറ്റമുണ്ടാക്കി; രണ്ടാം ഘട്ടം 28ന്, 10,885 പേർ അറസ്റ്റിൽ: രമേശ് ചെന്നിത്തല | Ramesh Chennithala Operation Thoofan
Home Minister Ramesh Chennithala

ദുബായ്: മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വലിയ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala Operation Thoofan). നടപടികൾക്ക് പ്രവാസി മലയാളികളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗൾഫ് സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്വീകരിച്ച നടപടികൾക്ക് പിന്നാലെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കുന്നതിൽ പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായി ചെന്നിത്തല പറഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ മാറ്റം വ്യക്തമായി പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയുള്ള നടപടികളുടെ വിശദമായ ഫലം വിലയിരുത്തി സെപ്റ്റംബർ എട്ടിന് ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മയക്കുമരുന്ന് മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ 2.0’ ഈ മാസം 28ന് ആരംഭിക്കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിൽ കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ എന്നിവരെയും ഉൾപ്പെടുത്തും. വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കുകയും എല്ലാ വാർഡുകളിലും തൂഫാൻ ഗ്രാമസഭകൾ സംഘടിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്തെ 1,034 വാർഡുകളിലാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൂഫാൻ സമിതികൾ രൂപീകരിക്കുക. പത്ത് അംഗങ്ങൾ വീതമുള്ള സമിതികളായിരിക്കും രൂപീകരിക്കുക. ഈ മാസം 28ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. എല്ലാ വാർഡുകളിലും ബീറ്റ് പൊലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾക്കും പ്രാധാന്യം നൽകും.

See also  "ലോക' സംവിധായകൻ ടോളിവുഡിലേക്ക്? സൂപ്പർതാരം അ​ല്ലു അ​ർ​ജു​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഡൊ​മി​നി​ക് അ​രു​ൺ

ഇതുവരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,070 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10,885 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു. 23.48 കിലോഗ്രാം എംഡിഎംഎ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപ്പറേഷൻ തൂഫാനെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.
മയക്കുമരുന്ന് വിരുദ്ധ നടപടികൾക്കൊപ്പം സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കും. മോർഫിങ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താഴെത്തട്ടിൽ തന്നെ മയക്കുമരുന്നിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കുമെതിരെ പ്രതിരോധം ശക്തമാക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സുപ്രഭാതം പത്രം ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. വാർത്താസമ്മേളനത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയും പങ്കെടുത്തു.

Summary: Kerala Home Minister Ramesh Chennithala said Operation Thoofan has brought significant social changes and received strong support from expatriate Malayalis. He announced that the second phase of the anti-drug campaign will begin on September 28 with local bodies, Kudumbashree, ASHA workers and Haritha Karma Sena members involved.

See also  എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സംസ്ഥാന ക്വാട്ടയിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു | Kerala MBBS admission 2026
Spread the love