പജേറോയുടെ തിരിച്ചുവരവ്; ഫോർച്യൂണറിന് വൻ വെല്ലുവിളിയുമായി മിത്സുബിഷിയുടെ പുതിയ അഞ്ചാം തലമുറ എസ്‌യുവി


അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വാഹനപ്രേമികളുടെ പ്രിയപ്പെട്ട എസ്‌യുവിയായ പജേറോയെ വിപണിയിൽ തിരിച്ചെത്തിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി. വലുപ്പത്തിലും സൗകര്യങ്ങളിലും കരുത്തിലും ഒരുപോലെ മുന്നിട്ടുനിൽക്കുന്ന തികച്ചും പുതിയ അഞ്ചാം തലമുറ പജേറോയാണ് കമ്പനി ഇപ്പോൾ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന വാഹനം തുടർന്ന് 2027 മാർച്ചോടെ ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന വിപണികളിലും എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഇന്ത്യയിൽ വാഹനം പുറത്തിറക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഇത് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുകയാണെങ്കിൽ ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള പ്രീമിയം എസ്‌യുവികൾക്ക് കടുത്ത മത്സരമാകും സമ്മാനിക്കുക.
പൂർണ്ണമായും പുതിയ ഡിസൈൻ ശൈലിയിലാണ് അഞ്ചാം തലമുറ പജേറോ വിപണിയിലെത്തുന്നത്. മുൻ മോഡലുകളുടെ റെട്രോ ലുക്കിൽ നിന്ന് മാറി ആധുനികമായ ലുക്കാണ് ഇതിന് നൽകിയിട്ടുള്ളത്. മൂന്ന് നിരകളിലായി ഏഴ് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വലിയ ക്യാബിനാണ് വാഹനത്തിലുള്ളത്. ഡാഷ്‌ബോർഡിൽ വലിയ രണ്ട് 14.3 ഇഞ്ച് ഡിസ്പ്ലേകൾ, ലെതർ സീറ്റുകൾ, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, 12-സ്പീക്കർ യമഹ ഓഡിയോ സിസ്റ്റം തുടങ്ങി ആഡംബര സൗകര്യങ്ങളുടെ ഒരു വലിയ നിര തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. രണ്ടാം നിര സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ക്രമീകരിക്കാൻ സാധിക്കുന്നതും ലഗേജ് സ്പീഡ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
Also Read: റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ കുതിച്ചുചാട്ടം; 28 ശതമാനവും തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ വഴിയെന്ന് ഐആർസിടിസി
വാഹനത്തിന് കരുത്ത് പകരുന്നത് ശക്തമായ 2.4 ലിറ്റർ ഫോർ-സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ്. മിത്സുബിഷിയുടെ ട്രൈറ്റൺ പിക്കപ്പിൽ ഉപയോഗിക്കുന്ന ഈ എൻജിൻ 204 എച്ച്പി കരുപ്പും 480 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രൈറ്റണിന്റെ ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിൽ ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ച് കൂടുതൽ ദൃഢമായാണ് പുതിയ പജേറോയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. കരുത്തുറ്റ ഡീസൽ എൻജിനും മികച്ച ഓഫ്-റോഡ് ശേഷിയുമുള്ള ഈ വാഹനം ഇന്ത്യൻ നിരത്തുകളിലേക്ക് കൂടി എത്തിയാൽ പ്രീമിയം എസ്‌യുവി വിപണിയിൽ വൻ തരംഗമാകും സൃഷ്ടിക്കുക.
The post പജേറോയുടെ തിരിച്ചുവരവ്; ഫോർച്യൂണറിന് വൻ വെല്ലുവിളിയുമായി മിത്സുബിഷിയുടെ പുതിയ അഞ്ചാം തലമുറ എസ്‌യുവി appeared first on Express Kerala.

