“ജീവിതത്തിൽ വലിയ വിജയം മാത്രം ലക്ഷ്യമാക്കി ഓടുമ്പോൾ സന്തോഷം തരുന്ന ചെറിയ കാര്യങ്ങൾ മറക്കരുത്’; വിഷാദരോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് വിഷ്ണു വിശാൽ

എട്ടു വർഷമായി താൻ അനുഭവിക്കുന്ന വിഷാദരോഗത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും തുറന്നെഴുതി തമിഴ് നടനും നിർമാതാവുമായ വിഷ്ണു വിശാൽ.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് താരം തന്റെ കരിയറിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തിയത്.
2018-ൽ ‘രാക്ഷസൻ’ എന്ന സിനിമയ്ക്കുശേഷമാണ് ജീവിതത്തിലെ തിരിച്ചടികൾക്കു തുടക്കം. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ഒരു വലിയ ഹിറ്റ് ലഭിച്ചാൽ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും കോവിഡിനുശേഷം സ്ഥിതി വീണ്ടും സങ്കീർണമായി.
ചില സംവിധായകരും നിർമാതാക്കളും നൽകിയ വ്യാജ വാഗ്ദാനങ്ങൾ മൂലം ഡേറ്റുകൾ നീട്ടിനൽകേണ്ടി വരികയും മാസങ്ങളോളം വരുമാനമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരികയും ചെയ്തു. ഇത് കടുത്ത മാനസിക സമ്മർദ്ദത്തിനിടയാക്കിയെന്നും താരം വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്നു വർഷമായി താൻ പതിവായി തെറാപ്പി ചെയ്യുന്നുണ്ടെന്നും വിദഗ്ദ്ധോപദേശപ്രകാരം മരുന്നുകൾ കഴിക്കുന്നുണ്ടെന്നും വിഷ്ണു വ്യക്തമാക്കി.
‘എഫ്ഐആർ’, ‘ഗാട്ട ഗുസ്തി’ തുടങ്ങിയ സിനിമകൾ വലിയ വിജയമായിട്ടും മനസിന്റെ ഉത്കണ്ഠയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.
ജീവിതത്തിൽ വലിയ വിജയം മാത്രം ലക്ഷ്യമാക്കി ഓടുമ്പോൾ സന്തോഷം തരുന്ന ചെറിയ കാര്യങ്ങൾ ആസ്വദിക്കാൻ മറന്നുപോകരുത് എന്നാണ് എട്ട് വർഷത്തെ ഈ പോരാട്ടത്തിലൂടെ താൻ പഠിച്ചതെന്നും, തെറാപ്പിയും കൃത്യമായ ചികിത്സയും തേടാൻ ആരും മടിക്കരുതെന്നും താരം ഓർമിപ്പിക്കുന്നു.

