യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെ.പി.സി.സി ഭാരവാഹി യോഗം വെള്ളിയാഴ്ച. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ നിയമനം വൈകുന്നതും പാർട്ടി പുനഃസംഘടനയും പ്രധാന ചർച്ച. സണ്ണി ജോസഫ് മന്ത്രിസഭയുടെ ഭാഗമായ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമാകും. രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴ് തമ്മിലടി, ചേന്തി അനിൽ വിവാദം, പി.എം. ശ്രീ പദ്ധതി എന്നിവയും യോഗത്തിൽ ചർച്ചയാകും

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെ.പി.സി.സി ഭാരവാഹി യോഗം വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ഇന്ദിരാ ഭവനിൽ ചേരും.
രാവിലെ 10:30-ന് ആരംഭിക്കുന്ന യോഗത്തിൽ കെ.പി.സി.സി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ, കെ.പി.സി.സി ഭാരവാഹികളായ മന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ആഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തുടർച്ചയായാണ് ഈ ഭാരവാഹി യോഗം വിളിച്ചിരിക്കുന്നത്.
പുതിയ അധ്യക്ഷന്റെ നിയമനം വൈകുന്നതും പാർട്ടി പുനഃസംഘടനയും ഉൾപ്പെടെയുളള നിരവധി നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ചയ്ക്കുവരും. സണ്ണി ജോസഫ് മന്ത്രിസഭയുടെ ഭാഗമായ പശ്ചാത്തലത്തിൽ, കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയരും.
നിലവിലെ ഡി.സി.സി പ്രസിഡന്റുമാരിൽ പലരും ജന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, ഉടൻ തന്നെ ജില്ലാതലത്തിൽ സംഘടനാ പുനഃസംഘടന നടത്തണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും.
കെ.പി.സി.സി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടി വിഷയം രമ്യയുടെ സാന്നിധ്യത്തിൽ തന്നെ യോഗം പ്രധാനമായും ചർച്ച ചെയ്യും. ഈ സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പൊതുവികാരം.
അടുത്തിടെ ഉയർന്നുവന്ന ചേന്തി അനിൽ വിവാദ വിഷയവും യോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ട ഔദ്യോഗിക നിലപാട് സംബന്ധിച്ച ചർച്ചകളും യോഗത്തിലുണ്ടാകും.
യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കൊപ്പം പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഈ യോഗം വരുംദിവസങ്ങളിലെ കോൺഗ്രസ് സംഘടനാ തീരുമാനങ്ങളിൽ നിർണായകമാകും.

