നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ എടയാറിലെ ചിത്രീകരണത്തിനിടെ ടെക്നീഷ്യന് ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് മരിച്ചത്.

കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. 32 വയസായിരുന്നു.
എടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ചിത്രീകരണത്തിനായി വൈദ്യുത ക്രമീകരണം നടത്തുമ്പോഴാണ് വിഷ്ണുവിന് ഷോക്കേറ്റത്.
ഉയർന്ന സ്ഥലത്തുവെച്ച് ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടയിൽ വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേക്ക് വീണു. ഗുരുതരമായി ഷോക്കേറ്റതാണ് മരണകാരണമെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ വിഷ്ണുവിനെ എറണാകുളത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിവിൻ പോളി അടക്കമുള്ളവർ ആശുപത്രിയിൽ എത്തി. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ചയാണ് എടയാറിൽ ആരംഭിച്ചത്.

