മയൂർ വിഹാർ ഫേസ് 3-ൽ ചക്കുളത്തമ്മ പൊങ്കാല നവംബർ 1-ന്

ന്യൂ ഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 5:30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
നവംബർ 1 ഞായറാഴ്ച രാവിലെ 5:30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന.
തുടർന്ന് 9:30-നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 8130595922, 9810477949, 9650699114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

