വിജയ്-തൃഷ ഗോസിപ്പുകളിൽ പ്രതികരിച്ച് കങ്കണ റണാവത്ത്; വിജയകരമായ കരിയറുള്ളവരെ തകർക്കാൻ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാകില്ല

തെന്നിന്ത്യൻ സിനിമാലോകത്തും രാഷ്ട്രീയത്തിലും വൻ വിവാദമായി മാറിയ തൃഷ-വിജയ് വിഷയത്തിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ രൂക്ഷവിമർശനം.
വിജയ്ക്കും തൃഷയ്ക്കുമെതിരെ നടക്കുന്ന വ്യക്തിഹത്യകൾക്കെതിരെയാണ് കങ്കണ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള ഗോസിപ്പുകളുടെ പേരിൽ തൃഷയ്ക്കെതിരെ നടക്കുന്ന അതിരുകടന്ന അധിക്ഷേപങ്ങളെ താരം അപലപിച്ചു.
ജോലി ചെയ്യുന്നവരും വിജയകരമായ കരിയറുള്ളവരുമായ സ്ത്രീകളെ തകർക്കാൻ എപ്പോഴും അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന കാര്യമാണെന്ന് കങ്കണ പറഞ്ഞു.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളോ സംഭവങ്ങളോ എന്തുതന്നെയായാലും, അധിക്ഷേപങ്ങളും ട്രോളുകളും വരുമ്പോൾ എപ്പോഴും ആക്രമിക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണെന്ന് കങ്കണ ചൂണ്ടിക്കാട്ടി.
ഒരു ജനപ്രിയ നടിയെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരത്തിലുള്ള സ്വഭാവഹത്യകൾ എന്നാണ് അവസാനിക്കുകയെന്ന് ചോദിച്ച താരം, സമൂഹമെന്ന നിലയിൽ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനത്തെക്കുറിച്ച് സ്വയം ചിന്തിക്കേണ്ട സമയമായെന്നും ഓർമിപ്പിച്ചു.

